കൃഷിക്ക് ഒപ്പം കളമശേരിയുടെ ഭാഗമായി ഓര്‍ഗാനിക് തിയേറ്ററും
കളമശേരി : കൃഷിക്ക് ഒപ്പം കളമശേരി എന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ നടീല്‍ ഉത്സവത്തിന് അവതരിപ്പിച്ച തെക്കന്‍ കേരളത്തിന്റെ കാര്‍ഷിക കലാരൂപമായ കടമ്പന്‍ മൂത്താനും ശ്രദ്ധേയമാകുന്നു.
അന്യംനിന്നു പോകുന്ന കാര്‍ഷിക സംസ്‌കാരവും അതിന്റെ പ്രാധാന്യവും വിളിച്ചോതുന്ന കലാരൂപവും കഥാപാത്രങ്ങളും കാണികളില്‍ ഒരേസമയം കൗതുകവും നാടിന്റെയും പ്രകൃതിയുടേയും നന്‍മയും ഉണര്‍ത്തി. തിരുവനന്തപുരം വിവ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഓര്‍ഗാനിക് തിയേറ്ററാണ് കടമ്പന്‍ മൂത്താന്‍ അവതരിപ്പിച്ചത്. എസ്.എന്‍ സുധീറാണ് നാടകത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്.
കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുപ്പത്തടത്തിലെ മികച്ച കര്‍ഷകനായ ജിബി ജോസഫിന്റെ കൃഷിയിടത്തിലാണ് ഓര്‍ഗാനിക് തിയേറ്റര്‍ അവതരിപ്പിച്ചത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മറ്റു ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരെ സാക്ഷിയാക്കിയാണ് നാടകം അവതരിപ്പിക്കപ്പെട്ടത്.
കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി ഓര്‍ഗാനിക് തിയേറ്ററും നിയോജക മണ്ഡലത്തിലുടനീളം കൃഷിയുടെ പ്രചാരകരായി സഞ്ചരിക്കും. കളമശേരി മണ്ഡലം എം.എല്‍.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയാണ് കൃഷിക്കൊപ്പം കളമശേരി.
Leave A Comment