ജില്ലാ വാർത്ത

പറവൂരിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കും : മന്ത്രി റിയാസ്

പറവൂര്‍: പറവൂരിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ പ്രത്യേക നടപടി ആരംഭിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പറവൂരിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പറവൂര്‍ പോലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ പട്ടണത്തെ അലട്ടുന്ന ഗതാഗത പ്രശ്‌നത്തിന് എത്രയുംവേഗം പരിഹാരം കാണും. ഇതിനായി കിഫ്ബിയുടെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

 കേരളത്തിലെ മനോഹരമായ റസ്റ്റ് ഹൗസുകളില്‍ ഒന്നാണ് പറവൂരിലേത്. ചുരുങ്ങിയ കാലയളവില്‍ മികച്ച വരുമാനവും ഇവിടെ നിന്നും ലഭിച്ചു. അതുകൊണ്ടുതന്നെ ഗ്രേഡ് വണ്‍ പട്ടികയിലേക്ക് റസ്റ്റ് ഹൗസിനെ മാറ്റണമെന്ന വി.ഡി. സതീശന്‍ എംഎല്‍എയുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പറവൂര്‍ മണ്ഡലത്തില്‍ വികസനം കൊണ്ടുവരുന്ന എല്ലാ ആവശ്യങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണ പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

  കഴിഞ്ഞ കേരളപിറവി ദിനത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിച്ച റസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിങ് മൂന്നര കോടി രൂപയുടെ വരുമാനമാണു നേടിത്തന്നത്. പൊതുമരാമത്ത് വകുപ്പ് സുതാര്യമായാണു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനമൊട്ടാകെ പരിപാലന കാലാവധി വിവരം അറിയിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. 

 പറവൂര്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ചടങ്ങില്‍ നിയോജകമണ്ഡലം എംഎല്‍എയും  പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വികസന ആവശ്യങ്ങള്‍ക്ക് എല്ലാ പിന്തുണയും മന്ത്രി നല്‍കാറുണ്ടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പറവൂരില്‍ സിവില്‍ സ്റ്റേഷന്‍ അനെക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പറവൂര്‍ നിവാസികളുടെ എക്കാലത്തെയും ആവശ്യമായ ഓപ്പണ്‍ എയര്‍ സ്റ്റേഡിയവും എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

 നോര്‍ത്ത് പറവൂര്‍ റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ജി അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2018-2019 വര്‍ഷത്തെ പ്രളയപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മഹിളപ്പടി പാലത്തിന്റെയും കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ ഉദ്ഘാടനവും 2021-2022 വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിക്കുവാന്‍ പോകുന്ന പറവൂര്‍ മുന്‍സിപ്പാലിറ്റിയിലേയും ഏഴിക്കര ഗ്രാമപഞ്ചായത്തിലേയും വിവിധ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.

 പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഭാവതി ടീച്ചര്‍, ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിന്‍സെന്റ്, കോട്ടുവളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്‍, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇ. ജി ശശിധരന്‍, വൈറ്റില ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ എസ്.സജീവ്, ആലുവ നിരത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ടി. എസ് സുജാറാണി, എറണാകുളം നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എം സ്വപ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Comment