ജില്ലാ വാർത്ത

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി, മൂത്ര സഞ്ചിയില്‍ കുത്തിനിന്നത് അഞ്ച് വര്‍ഷം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്.കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന (30) ആണ് വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ചു വര്‍ഷം വേദന സഹിച്ചത്. കത്രിക കുത്തിനിന്ന് മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായതോടെ സിടി സ്കാന്‍ ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. 

2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹര്‍ഷിനയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇതിനുപിന്നാലെ വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ലെന്നും വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ലെന്നും ഇവര്‍ പറയുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിലെ കത്രിക കണ്ടെത്തിയത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രികയാണ് യുവതിയുടെ വയറ്റില്‍ കുടുങ്ങിയത്. മെഡിക്കല്‍ കോളജില്‍ വെച്ച്‌ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം.

Leave A Comment