ജില്ലാ വാർത്ത

പക്ഷിപ്പനി: കേന്ദ്രസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും

ആലപ്പുഴ: പക്ഷിപ്പനിയെ കുറിച്ച്‌ പഠിക്കാനും പ്രതിരോധ നടപടികള്‍ വിലയിരുത്താനുമായി കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തും.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡല്‍ഹി എയിംസിലെയും വിദഗ്ദരാണ് സംഘത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച ‌താറാവുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് പക്ഷികളെ കൊല്ലുന്ന നടപടികള്‍ ഹരിപ്പാട് കേന്ദ്രീകരിച്ച്‌ ആരംഭിച്ചിരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ഹരിപ്പാട് വഴുതാനം പാടശേഖരത്തിന് ചുറ്റുമുള്ള വീടുകളിലെ വളര്‍ത്ത് പക്ഷികളെ കൊല്ലുന്ന നടപടികള്‍ കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹരിപ്പാട് മേഖലയില്‍ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച്‌ ഉത്തരവിറങ്ങി. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂര്‍, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ചിലര്‍ പക്ഷികളെ ഒളിപ്പിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം. നാളെ പ്രദേശത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

Leave A Comment