തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡയറ്റ് കെയർ ക്ലിനിക്
തൃശൂർ : തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഡയറ്റ് കെയർ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഒപിയിൽ എത്തുന്നവർക്ക് ഭക്ഷണക്രമം നിശ്ചയിച്ചു നൽകുന്നതിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഡയറ്റീഷ്യൻ്റെ സേവനം മെഡിക്കൽ കോളേജിൽ ലഭ്യമാകും. തിങ്കൾ മുതൽ ശനി വരെ ഈ സേവനമുണ്ടാകും. സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ഇത്തരമൊരു സേവനം ഏർപ്പെടുത്തുന്നത്.
ജീവിതശൈലീരോഗങ്ങൾക്കുൾപ്പെടെ പ്രത്യേക ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിന് ഇത് പ്രയോജനപ്പെടും. അതിതീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ളവർക്ക് അവരുടെ രോഗാവസ്ഥയ്ക്ക് ഉതകുന്ന ഭക്ഷണക്രമം നിശ്ചയിച്ചു നൽകുന്നതിന് പ്രത്യേക ഡയറ്ററി റൗണ്ട്സും ഉണ്ടായിരിക്കും. ഭാവിയിൽ ഇതിൻ്റെ ഭാഗമായി ഐസിയു രോഗികൾക്ക് ഡയറ്റീഷ്യൻ നിർദ്ദേശിച്ച പോഷകഗുണമുള്ള ഭക്ഷണം തയ്യാറാക്കാൻ സൗകര്യമൊരുക്കാനും ആലോചനയുണ്ട്.
ഡയറ്റ് കെയർ ക്ലിനിക് ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. ഷീല, ആശുപത്രി സൂപ്രണ്ട് ഡോ. നിഷ എം ദാസ്, ആർഎംഒ ഡോ. എ എം രൺദീപ് എന്നിവർക്കൊപ്പം ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
Leave A Comment