ജില്ലാ വാർത്ത

കല്യാണം വിളിക്കാത്തതിന് വഴക്ക്, മണ്ഡപത്തില്‍ കൂട്ടത്തല്ല്, വധുവിന്റെ അച്ഛന് പരിക്ക്

തിരുവനന്തപുരം:കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച്‌ വിവാഹ ചടങ്ങിനിടയില്‍ സംഘര്‍ഷം. ബാലരാമപുരത്ത് സെന്‍റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്.സംഘര്‍ഷത്തിന് ഇടയില്‍ വധുവിന്റെ അച്ഛന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ ചടങ്ങിന് ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്യാണം വിളിച്ചില്ലെന്നാരോപിച്ച്‌ ബന്ധുവായ ഒരാള്‍ വഴക്കിട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. വാക്കേറ്റം പിന്നീട് സംഘര്‍ഷമായി മാറി. 

പ്രശ്നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാള്‍ പാര്‍ട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്റെ പിതാവിന് 200 രൂപ ഉപഹാരമായി നല്‍കി. എന്നാല്‍ വധുവിന്റെ പിതാവ് ഇത് സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇയാള്‍ പുറത്തുപോയി സംഘം ചേര്‍ന്നെത്തി ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെയൊക്കെ മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് വിവാഹ സത്കാരത്തിനെത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലിലേക്ക് കലാശിച്ചു. സംഘമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് കൂട്ടയടി ഒഴിവാക്കാനായില്ല. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. ഇതിനിടെ അക്രമത്തിന് നേതൃത്വം നല്‍കിയ ആൾ പൊലീസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടു.

Leave A Comment