സിപിഎം നിയന്ത്രണത്തിലുള്ള കുട്ടനെല്ലൂർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
പുത്തൂർ: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. കുട്ടനെല്ലൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണു നടപടിയെടുത്തത്. സഹകരണസംഘം സീനിയര്‍ ഇന്‍സ്പെക്ടര്‍ക്കാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല. സിപിഎം നേതൃത്വത്തിനു ക്രമക്കേടില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ കമ്മീഷന് കൈപ്പറ്റി, നറുക്കെടുപ്പിന്റെ പേരില്‍ സിറ്റിംഗ് ഫീസ് വാങ്ങി തുടങ്ങിയ ക്രമക്കേടുകളാണു സൊസൈറ്റിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണു സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടി.
സിപിഎം ഒല്ലൂര്‍ ഏരിയാ കമ്മിറ്റിയംഗമായ റിക്സന് പ്രിന്‍സ് പ്രസിഡന്റായ ഭരണസമിതിയാണു പിരിച്ചുവിട്ടത്. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുവെന്ന വ്യാജരേഖയുണ്ടാക്കി തട്ടിപ്പു നടത്തിയെന്നും ഭൂമിയുടെ മതിപ്പുവിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്കു വായ്പകള്‍ അനുവദിച്ചുവെന്നും കാട്ടി ബിജെപി ഭാരവാഹിയായ പി.എസ്. പ്രകാശന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ക്രമക്കേടിൽ സിപിഎം ഏരിയാ നേതൃത്വത്തിനു പങ്കുണ്ടെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്.
സഹകരണ നിയമത്തിലെ 32(1) വകുപ്പ് പ്രകാരമുള്ള നടപടിയാണു ബാങ്കിനെതിരെ സ്വീകരിച്ചിട്ടുള്ളത്. സഹകരണസംഘം സീനിയര്‍ ഇന്‍സ്പെക്ടര്‍ പി.ബി. പവിത്രനാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല. ഭരണസമിതിക്കെതിരെ നിയമനടപടികള്‍ തുടരും. ആറുമാസത്തിനകം തെരഞ്ഞെടുപ്പു നടത്തി പുതിയ ഭരണസമിതി നിയോഗിക്കാനാണു തീരുമാനം.
Leave A Comment