ജില്ലാ വാർത്ത

കോളേജ് യൂണിയൻ പിടിക്കാൻ കെ എസ് യു പ്രവർത്തകയെ എസ് എഫ് ഐ ക്കാർ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊച്ചി: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് മുമ്പ് കെ.എസ്.യു. പ്രവര്‍ത്തകയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. കൊച്ചി പൂത്തോട്ട എസ്.എന്‍. ലോ കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി പ്രവീണയെയാണ് എസ്.എഫ്.ഐ.ക്കാര്‍ തട്ടിക്കൊണ്ടുപോയത്. ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കെ.എസ്.യുവും എസ്.എഫ്.ഐ.യും ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെയാണ് ക്ലാസ് പ്രതിനിധിയായ പ്രവീണയെ എസ്.എഫ്.ഐ.ക്കാര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം.

ഉച്ചയ്ക്ക് രണ്ടുമണിക്ക് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുമണിയോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രവീണ പറഞ്ഞു. ക്ലാസ് പ്രതിനിധി തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ.ക്കും കെ.എസ്.യുവിനും ഒമ്പത് സീറ്റ് വീതമാണ് ലഭിച്ചത്. തുടര്‍ന്ന് യൂണിയന്‍ ഭരണം തീരുമാനിക്കാനായി രണ്ടുമണിക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനിരുന്നതാണ്.

 ഇതിനിടെയാണ് സുഹൃത്തായ വിദ്യാര്‍ഥിനി തനിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പോകാന്‍ കൂടെവരാമോ എന്നും ചോദിച്ച് പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഒരു കാര്‍ അവിടെ എത്തി. ആശുപത്രിയില്‍ പോകാനെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ കാറില്‍ കയറ്റി. സുഹൃത്തിനെ കൂടാതെ രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് പോകാതെ കാര്‍ പലവഴികളിലൂടെ കറങ്ങി. ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം നടക്കാവില്‍ തന്നെയും സുഹൃത്തിനെയും കാറില്‍നിന്ന് ഇറക്കിവിട്ടെന്നും പ്രവീണ പറഞ്ഞു.

പ്രവീണയെ കാണാതായ സംഭവത്തില്‍ പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുക്കാനായി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നാല് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

 പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടു. അതേസമയം, എസ്.എഫ്.ഐ. ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Leave A Comment