ജില്ലാ വാർത്ത

തൃശ്ശൂര്‍ കോർപറേഷനില്‍ കൈയാങ്കളി; മേയറുടെ ഡയസില്‍ കയറി പ്രതിപക്ഷം

തൃശ്ശൂര്‍: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കൈയാങ്കളി. മേയര്‍ എം.കെ. വര്‍ഗീസിനെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്ക് നല്‍കിയില്ലെന്നാരോപിച്ചാണ് നഗരസഭയില്‍ ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്.

ബിനി ടൂറിസ്റ്റ് ഹോമിന്റെ നിര്‍മാണം, നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോർപറേഷന്‍റെ കീഴിലായിരുന്നു. എന്നാല്‍ അടുത്തിടെ കോര്‍പ്പറേഷന്‍ അധികാരികള്‍ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കു വയ്ക്കാതെ ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി. അറ്റകുറ്റപ്പണികള്‍ക്കിടെ ചില സ്വകാര്യ വ്യക്തികള്‍ അതിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് ബിനി ടൂറിസ്റ്റ് ഹോമിന്റെ സ്വത്തുവകകള്‍ കൊണ്ടുപോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും പ്രതിപക്ഷം വ്യക്തത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യം തിങ്കളാഴ്ച കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവെച്ചിരുന്നു. പക്ഷേ, ചര്‍ച്ചയില്‍ ഏറ്റവും അവസാനത്തെ അജന്‍ഡയായാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്. ചര്‍ച്ചയിലെ 96-ാമത്തെ അജന്‍ഡയായിരുന്നു ഇത്. രാവിലെ മുതല്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷം നിരന്തരമായി ഇതേക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തിയെങ്കിലും ഭരണപക്ഷം പ്രതികരിച്ചില്ല. ഉച്ച കഴിഞ്ഞിട്ടും ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ചര്‍ച്ചയില്ലാതെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.

Leave A Comment