സെസ് ഏർപ്പെടുത്തിയത് ക്ഷേമപ്രവർത്തനങ്ങൾനടത്താൻ -എം.വി. ഗോവിന്ദൻ
തൃപ്പൂണിത്തുറ : മദ്യത്തിനും പെട്രോളിനും സർക്കാർ സെസ് ഏർപ്പെടുത്തിയത് 60 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നത് ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കാനാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാരിനു മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ല. സി.പി.എം. മുൻ ജില്ലാ സെക്രട്ടറി എ.പി. വർക്കി അനുസ്മരണ സമ്മേളനം തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ് നിർദേശങ്ങളുടെ പേരിൽ അക്രമസമരം നടത്തുന്നത് കേരളത്തെ നശിപ്പിക്കാനാണ്.
എൽ.ഡി.എഫ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാടാണ് കോൺഗ്രസിനും ബി.ജെ.പിയ്ക്കും. എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണം അനുവദിക്കാതിരിക്കാനാണ് സാമ്പത്തികരംഗത്ത് കേന്ദ്രസർക്കാർ കടുംപിടിത്തം നടത്തുന്നതെന്നും നികുതി പിരിക്കുന്നതിന് സംസ്ഥാനത്തിനുള്ള അവകാശം പൂർണമായും കവർന്നതായും അദ്ദേഹം പറഞ്ഞു.
2024 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയിക്കാനായാൽ 2025-ൽ ആർ.എസ്.എസ്. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ത്യാഗപൂർണമായ ജീവിതത്തിന്റെ ഫലമായി ജനങ്ങളുടെ മനസ്സിലുണ്ടാവുന്ന അവബോധമാണ് നേതാവിനെ സൃഷ്ടിക്കുന്നത്. എ.പി. വർക്കി അങ്ങനെയുള്ള നേതാവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.സി. ഷിബു അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ്. സതീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി പി. വാസുദേവൻ, നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി ദീപ കെ. രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ടി. തങ്കപ്പൻ, എം.പി. ഉദയൻ, എസ്. മധുസൂദനൻ, പി.കെ. സുബ്രഹ്മണ്യൻ, ടി.കെ. ഭാസുരാദേവി എന്നിവർ സംസാരിച്ചു.
Leave A Comment