ജില്ലാ വാർത്ത

അതിരപ്പിള്ളിയില്‍ കുരങ്ങുകളിലെ ന്യുമോണിയ ബാധ: പരിശോധന ഊര്‍ജ്ജിതമാക്കി വനപാലകര്‍

ചാലക്കുടി: അതിരപ്പിള്ളി മേഖലയില്‍ കുരങ്ങുകള്‍ക്ക് ന്യുമോണിയ ബാധയുണ്ടെന്നറിയാന്‍ വനപാലകര്‍ നടപടിയാരംഭിച്ചു. മേഖലയിലെ കുരങ്ങുകളെ പിടികൂടി പരിശോധന നടത്താനാണ് തീരുമാനം. ദിവസങ്ങള്‍ക്ക് മുമ്പ് വാനരകൂട്ടം കൂട്ടത്തോടെ ചത്തൊടുങ്ങിയത് ന്യുമോണിയ ബാധിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനുള്ള കുരുങ്ങുകളിലും രോഗബാധയുണ്ടോ എന്നറിയാന്‍ ശ്രമം നടത്തുന്നത്. 

ഇതറിഞ്ഞാല്‍ രോഗബാധയുടെ തീവ്രത അറിയാനാകൂ. അതേസമയം രോഗം മനുഷ്യരിലേക്ക് പകരില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ പ്രദേശവാസികളുടെ ആശങ്കക്ക് അറുതയായി. ദിവസങ്ങള്‍ക്ക് മുമ്പാണ് പുഴയില്‍ കുരങ്ങുകളുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു. 

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ബ്ലോക്ക് 18ലെ പമ്പ് ഹൗസിന് സമീപം പുഴയിലാണ് കുരങ്ങുകളുടെ ജഡം കണ്ടെത്തിയത്. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്റെ അതിരപ്പിള്ളി റേഞ്ച് പരിധിയിലാണ് കൂടുതലായും കുരങ്ങുകള്‍ ചത്തൊടുങ്ങിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് പ്രദേശത്ത് കുരങ്ങന്‍കൂട്ടത്തെ അവശനിലയില്‍ കണ്ടിരുന്നു. പിന്നീടാണ് ഇവയെ കൂട്ടത്തോടെ ചത്ത നിലയില്‍ കാണുന്നത്.

Leave A Comment