അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം
നെടുമ്പാശേരി : പഞ്ചായത്തിലെ 75ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം. രണ്ട് മാസം മുമ്പാണ് അങ്കണവാടിയിൽ നിന്ന് പൊടി നൽകിയത്. 500 ഗ്രാം തൂക്കമുള്ള ആറ് പായ്ക്കറ്റ് ( മൂന്ന് കിലോ ) അമൃതം പൊടിയാണ് ഓരോ കുട്ടികൾക്കും നൽകുന്നത്. അവസാന പായ്ക്കറ്റ് വീട്ടുകാർ വ്യാഴാഴ്ച രാവിലെ പൊട്ടിച്ചപ്പോഴാണ് ചത്തുണങ്ങിയ പല്ലിയെ കണ്ടെത്തിയത്.
ഗൃഹനാഥ അങ്കണവാടിയിൽ അറിയിച്ച പ്രകാരം വർക്കർ വീട്ടിലെത്തി സംഭവം കണ്ട ശേഷം മേലാധികാരികളെ ധരിപ്പിച്ചു. കേരള സർക്കാർ -വനിതാ, ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതിക്കായി കുടുംബശ്രീ തയാറാക്കുന്ന ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയാബിൻ, പഞ്ചസാര എന്നിവ ചേർത്തുള്ള ഉത്പന്നമാണ് അമൃതം ന്യൂട്രിമിക്സ്. ആറ് മാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികൾക്കുള്ള പൂരക പോഷകാഹാരമായാണ് അമൃതം പൊടി വിതരണം ചെയ്യുന്നത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിലെ 167 അങ്കണവാടികളിൽ നെടുമ്പാശേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കരിയാട്ടിലാണ് പരിശീലനം സിദ്ധിച്ച കുടംബശ്രീ പ്രവർത്തകർ അമൃതം പൊടിയുണ്ടാക്കുന്നത്.
അതേ സമയം അതിസൂക്ഷ്മവും സുരക്ഷിതവുമായാണ് ഉത്പന്നമുണ്ടാക്കുന്നതെന്ന് പാറക്കടവ് ബ്ലോക്ക് ശിശുവികസന ഓഫീസർ സൂസൺ പോൾ പറഞ്ഞു. ഉപയോഗിച്ച ശേഷം തുറന്നുവയ്ക്കുന്ന അമൃതം പൊടിയുടെ ഗന്ധം പല്ലിയെ ആകർഷിക്കാൻ സാധ്യത ഏറെയാണ്. സംഭവം അന്വേഷിക്കുമെന്നും ജില്ലാ കുടംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഓഫീസർ വ്യക്തമാക്കി.
Leave A Comment