ജില്ലാ വാർത്ത

ചാലക്കുടിപ്പുഴയിലേക്ക്‌ ഷോളയാർ വെള്ളം തുറന്നുവിട്ടു തുടങ്ങി

അതിരപ്പിള്ളി : ഷോളയാർ അണക്കെട്ടിൽനിന്ന്‌ ചാലക്കുടിപ്പുഴയിലേക്ക് വെള്ളം തുറന്നുവിട്ടു തുടങ്ങി. ബുധനാഴ്ച രാവിലെ പത്തു മണിക്ക്‌ അണക്കെട്ടിലെ മൂന്നാംനമ്പർ ഷട്ടർ ഒരടി തുറന്ന് 0.6 എം.സി.എം. വെള്ളമാണ്‌ പുറത്തേക്ക് ഒഴുകുന്നത്. പത്തു ദിവസത്തേക്കാണ് ഷട്ടർ തുറക്കുക.

ഈ വെള്ളം പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്ക് ഒഴുകിയെത്തും. പെരിങ്ങൽക്കുത്തിലെ വൈദ്യുതോത്‌പാദനം കൂട്ടി വെള്ളം ചാലക്കുടി പ്പുഴയിലേക്ക് ഒഴുക്കും. ഇതോടെ നിലവിൽ പുറത്തേക്ക് ഒഴുകുന്നതിനേക്കാളും കൂടുതൽ വെള്ളം പുഴയിൽ എത്തും.

ഇതുമൂലം ചാലക്കുടിപ്പുഴയെ ആശ്രയിച്ചുള്ള കുടിവെള്ളപ്രശ്നത്തിനും കൃഷിയാവശ്യത്തിനുള്ള വെള്ളത്തിന്റെ പ്രശ്നത്തിനും പരിഹാരമാകും. ചാലക്കുടിപ്പുഴയെ ആശ്രയിക്കുന്ന തൃശ്ശൂർ, എറണാകുളം ജില്ലകളിലെ എല്ലാ പഞ്ചായത്തുകളിലേക്കും ഈ കടുത്ത വേനൽക്കാലത്ത് വെള്ളം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. രാവിലെ പത്ത് മുതൽ വൈകുന്നേരം മൂന്നു വരെയാണ് ഷട്ടറുകൾ തുറക്കുക.

Leave A Comment