പുക അടങ്ങുന്നു; മാലിന്യനീക്കം ഇന്നു മുതല്‍
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക കെട്ടടങ്ങുന്നു. 48 മണിക്കൂറായി നടക്കുന്ന വെള്ളം തളിക്കലിനെ തുടര്‍ന്ന് 60 ശതമാനത്തോളം പുക നിയന്ത്രിക്കാനായെന്ന് അഗ്നി ശമന സേനയും ജില്ലാ ഭരണകൂടവും അറിയിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മുതല്‍ 24 മണിക്കൂറും വെള്ളം തളിക്കല്‍ നടക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ പുക പൂര്‍ണമായും ശമിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.
കൂടുതല്‍ ഹിറ്റാച്ചി കൂടി എത്തിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞത്. ദുരന്ത നിവാരണ നിയമ പ്രകാരം ഹിറ്റാച്ചികള്‍ പിടിച്ചെടുക്കാന്‍ കളക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രിയോടെ തന്നെ കൂടുതല്‍ ഹിറ്റാച്ചികള്‍ എത്തിക്കാനായി. നിലവില്‍ 20 ഹിറ്റാച്ചികള്‍ ഏഴ് സെക്ടറുകളിലായി തിരിഞ്ഞ് മാലിന്യങ്ങള്‍ ഇളക്കി ഉള്ളിലേക്ക് വെള്ളം തളിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം തീ പിടുത്തത്തെ തുടര്‍ന്ന് നിലച്ച മാലിന്യ നീക്കം ഇന്ന് പുനരാരംഭിക്കുമെന്ന് കൊച്ചി കോര്പറേഷന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് പറഞ്ഞു.
മാലിന്യ നീക്കം ഇന്നുമുതൽ ആരംഭിക്കും എന്ന് ഇന്നലെ ഹൈക്കോടതിയില്‍ കോര്പറേഷന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അമ്പലമുകളിലെ ഫാക്ടിന്റെ ഒഴിഞ്ഞ സ്ഥലത്തേക്കാകും മാലിന്യങ്ങള്‍ കൊണ്ടുപോകുക. ജൈവ മാലിന്യങ്ങള്‍ മാത്രമേ ഇന്ന് മുതല്‍ നീക്കി തുടങ്ങൂ.
Leave A Comment