മേയറെ പിന്തുണയ്ക്കാതെ സിപിഎം
കൊച്ചി: ബ്രഹ്മപുരം തീപിടിത്തം, ഇനിയുമടങ്ങാത്ത വിഷപ്പുക, നഗരജീവിതം ദുസഹമാക്കിയ മാലിന്യപ്രശ്നങ്ങൾ എന്നിവയുടെ പേരിൽ വിഷമവൃത്തത്തിലായ കൊച്ചി മേയറെ പ്രതിരോധിക്കാൻ കൂട്ടാക്കാതെ സിപിഎം . പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം മേയറുടെ രാജിക്കായി മുറവിളി കൂട്ടുന്പോഴും ഭരണം നടത്തുന്ന എൽഡിഎഫിലെ തന്നെ രണ്ടാമത്തെ കക്ഷി അതൃപ്തി പരസ്യമാക്കുന്പോഴും ഇക്കാര്യത്തിലുള്ള സിപിഎം നേതൃത്വത്തിന്റെ മൗനത്തിൽ പുതിയ വിവാദമാണു പുകയുന്നത്.
തീപിടിത്തവും വിഷപ്പുകയും ഒരാഴ്ച പിന്നിട്ടിട്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റോ എൽഡിഎഫോ ഇതുവരെ മേയർ അഡ്വ. എം. അനിൽകുമാറിന്റെയും കോർപറേഷന്റെയും നിലപാടുകളെയോ നടപടികളെയോ പിന്തുണച്ച് പ്രസ്താവന പോലും ഇറക്കിയിട്ടില്ല.
കേരളവും രാജ്യവും നീതിപീഠവും രാജ്യാന്തര മാധ്യമങ്ങളും പോലും അതീവ ഗുരുതരപ്രശ്നമെന്ന നിലയിൽ ചർച്ച ചെയ്യുന്ന വിഷയത്തിൽ, കോർപറേഷൻ ഭരിക്കുന്ന പാർട്ടിക്കും മുന്നണിക്കും എന്തുപറയാനുണ്ടെന്ന ചോദ്യത്തിനും ഇനിയും ഉത്തരമായിട്ടില്ല.
തീപിടിത്തത്തിനു തൊട്ടു പിന്നാലെ മേയർക്കും കോർപറേഷനുമെതിരെ ആദ്യ ആരോപണമുന്നയിച്ചത് ഭരണപക്ഷത്തുനിന്നുതന്നയുള്ള സിപിഐ കൗൺസിലർ സി.എ. ഷക്കീറാണ്. മാലിന്യപ്ലാന്റിന്റെ കാര്യത്തിൽ മേയറുടെ ഭാഗത്തു ഗുരുതരവീഴ്ച സംഭവിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മേയർക്കെതിരെ സിപിഐയുടെ കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ഷക്കീറിന്റെ പരസ്യപ്രതികരണം സിപിഎമ്മിനു തിരിച്ചടിയായി.
ആറു മാസം മുന്പു നടന്ന കൗൺസിൽ യോഗത്തിലും ബ്രഹ്മപുരം വിഷയത്തിൽ മേയറുടെ നിലപാടിനോട് വിയോജിപ്പറിയിച്ച് സിപിഐ അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു.
Leave A Comment