ജില്ലാ വാർത്ത

കൊച്ചിയില്‍ എംഡിഎംഎ യുമായി നടനും 'ആശാനും' പിടിയില്‍

കൊച്ചി: എം.ഡി.എം.എ.യുമായി നടനും കൊച്ചി നഗരത്തിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്ന സംഘത്തലവനും പിടിയില്‍. നടന്‍ തൃശ്ശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് വീട്ടില്‍ നിധിന്‍ ജോസ് (ചാര്‍ലി-32), സംഘത്തലവന്‍ ഞാറയ്ക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലി വീട്ടില്‍ ശ്യാംകുമാര്‍ (ആശാന്‍ സാബു-38) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്ന് 22 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ സ്‌കൂട്ടറും ഇരുവരുടെയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. നിധിന്റെ പക്കല്‍ നിന്ന് 5.2 ഗ്രാം കഞ്ചാവും പിടികൂടി.

അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ 'ചാര്‍ലി' എന്ന പേരില്‍ വേഷങ്ങള്‍ ചെയ്തയാളാണ് നടന്‍ നിധിന്‍ ജോസ്. വ്യാഴാഴ്ച രാത്രി 8.30-ന് കളമശ്ശേരി ഞാലകം പോട്ടച്ചാല്‍ നഗറിലെ വാടക വീട്ടില്‍നിന്നാണ് നിധിനെ അറസ്റ്റ് ചെയ്തത്.

വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്ന് കടത്ത് തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതി ആശാന്‍ സാബുവാണ് നഗരത്തിലെ മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നത്. ഒരു മാസത്തിനിടെ ഇയാളുടെ സംഘത്തില്‍പ്പെട്ട പത്തോളം പേരെ പിടികൂടിയിരുന്നു. നിധിന്‍ ജോസിനെ കൂട്ടുപിടിച്ച് ഇയാള്‍ നഗരത്തില്‍ എം.ഡി.എം.എ. കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. മയക്കുമരുന്ന് വിറ്റതിന്റെ കളക്ഷന്‍ എടുക്കാന്‍ ഇടപ്പള്ളിയില്‍ വ്യാഴാഴ്ച വൈകീട്ട് സ്‌കൂട്ടറുമായി ഏജന്റുമാരെ കാത്തുനില്‍ക്കുമ്പോഴാണ് ആശാന്‍ സാബുവിനെ പിടികൂടിയത്. അക്രമാസക്തനായ ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ആശാന്‍ സാബു ബെംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നടന്റെ സഹായത്തോടെ വന്‍തോതില്‍ വില്‍പ്പന നടത്തുകയായിരുന്നു.

Leave A Comment