ജില്ലാ വാർത്ത

ബസിലിക്ക ഇടവകാംഗങ്ങൾക്ക് മാർ ആൻഡ്രൂസ് താഴത്തിന്റെ കത്ത്

കൊച്ചി : ഏകീകൃത കുർബാനയർപ്പണ രീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂവെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. ബസിലിക്ക ഇടവകയിലെ വൈദികർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർക്കായി പുറത്തിറക്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബസിലിക്ക വികാരി എപ്പോൾ ഏകീകൃത കുർബാനയർപ്പണ രീതി നടപ്പിലാക്കാൻ തയ്യാറാകുന്നുവോ, അപ്പോൾത്തന്നെ ബസിലിക്ക തുറന്നു പ്രവർത്തിക്കാവുന്നതാണ്. ആവശ്യമെങ്കിൽ പോലീസ്-നിയമ സഹായവും തേടാം. കത്തീഡ്രൽ ബസിലിക്ക ഇനിയും അടഞ്ഞുകിടക്കാൻ അവസരമൊരുക്കരുത്. പിതാക്കന്മാർക്ക് ബസിലിക്കയിൽ വന്ന് കുർബാനയർപ്പിക്കാൻ അവസരമൊരുക്കുകയും കത്തീഡ്രലിൽ അനുവദിക്കപ്പെട്ടിരിക്കുന്ന ഏകീകൃത കുർബാനയർപ്പണ രീതി പ്രായോഗികമാക്കി ഇൗ ഈസ്റ്ററിന് ഒരുങ്ങാമെന്നും മാർ ആൻഡ്രൂസ് താഴത്ത് കത്തിൽ വ്യക്തമാക്കുന്നു.

ബസിലിക്ക അടയ്ക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിൽ ഒരുതരത്തിലും കാരണക്കാരനല്ല. ആ രീതിയിൽ പ്രചാരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അദ്ദേഹം വികാരിയായി നിയമിതനായ പുതിയ പള്ളിയിൽ അദ്ദേഹത്തെ സ്വീകരിക്കാതിരിക്കാനുള്ള പ്രധാന കാരണം ഈ പ്രചാരണമാണ്. ഇത് സഭയ്ക്കെതിരേയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് മനസ്സിലാക്കേണ്ടത്.

കഴിഞ്ഞ ഡിസംബർ 23, 24 തീയതികളിൽ ഏകദേശം 32 വൈദികർ മാറി മാറി രാത്രി മുഴുവനുമായി 16 മണിക്കൂറോളം തുടർച്ചയായി കുർബാന ചൊല്ലിക്കൊണ്ടിരുന്നത് തെറ്റാണ്-ആൻഡ്രൂസ് താഴത്ത് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ-ഡിസംബർ മാസങ്ങളിൽ ബസിലിക്കയിൽ നടന്ന നിയമലംഘനങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരം ചെയ്യേണ്ടതുണ്ട്. സിനഡ് തീരുമാനത്തിനെതിരായി പൂർണജനാഭിമുഖ കുർബാന അർപ്പിക്കുന്നത് നിയമാനുസൃതമായിരിക്കുകയില്ലെന്ന് സഭാ സിനഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave A Comment