ദേവസംഗമ ഭൂമിയൊരുങ്ങി, ആറാട്ടുപുഴ പൂരം ഇന്ന്
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരം ഇന്ന് ആഘോഷിക്കും. 24 ദേവിദേവന്മാർ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ ആറാട്ടുപുഴ പൂരപ്പാടം ഒരുങ്ങി.
ആഘോഷങ്ങളേക്കാൾ ചടങ്ങുകൾക്ക് പ്രധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ ശാസ്താവാണ് ദേവസംഗമത്തിന്റെ ആതിഥേയൻ. സംഗമത്തിൽ തൃപ്രയാർ തേവർ, ഉൗരകത്തമ്മത്തിരുവടി , ചേർപ്പ്, അന്തിക്കാട്, തൊട്ടിപ്പാൾ, കടല്ലാശേരി പിഷാരിക്കൽ, എടക്കുന്നി, അയ്ക്കുന്ന്, തൈക്കാട്ടുശേരി, കടുപ്പശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ഭഗവതിമാരും ചാത്തക്കുടം, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശേരി, കല്ലോലി, ചിറ്റി ചാത്തക്കുടം, മേടംകുളം, തിരുവുള്ളക്കാവ് ശാസ്താക്കന്മാരും പങ്കാളികളാണ്.
തൊട്ടിപ്പാൾ പകൽപൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് നാലു മണിയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും. നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം ആറുമണിയോടെ ദേവമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ശാസ്താവ് സർവാഭരണ വിഭൂഷിതനായി 15 ഗജവീരന്മാരുടെ അകന്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നാദവിസ്മയം തീർക്കും.
ശാസ്താവ് ഏഴു കണ്ടം വരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നറിയാനായി മാത്രമാണ് ഏഴു കണ്ടം വരെ പോകുന്നത്. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ആതിഥ്യമരുളി നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വം മേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ശാസ്താവ് നിലപാടുതറയിൽ തിരിച്ചെത്തിയാൽ ദേവിദേവൻമാരുടെ പൂരങ്ങൾ ആരംഭിക്കും.
തേവർ കൈതവളപ്പിൽ എത്തുന്നതുവരെ എഴുന്നള്ളിപ്പുകൾ തുടരും. ക്ഷേത്ര ഗോപുരത്തിനും നിലപാടുതറയ്ക്കും വിവിധഭാഗങ്ങളിലായി കിടക്കുന്ന നടയിലും, വിശാലമായ പാടത്തുമാണ് എഴുന്നള്ളിപ്പുകൾ നടക്കുന്നത്.
നാളെ പുലർച്ചെ ദേവമേളയുടെ പ്രധാന ആകർഷകമായ കൂട്ടിഎഴുന്നള്ളിപ്പ് നടക്കും. ഇക്കുറി അന്പതോളം ആനകൾ കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കും. എഴുന്നള്ളിപ്പിന് ശേഷം വിവിധ ദേവിദേവന്മാർ മന്ദാരംകടവിൽ ആറാട്ട് നടത്തും. തുടർന്ന് ദേവിദേവന്മാർ ഉപചാരം ചൊല്ലി പിരിയുകയുംഅടുത്ത വർഷത്തെ പൂരം ദിവസം ജ്യോതിഷി വിളംബരം ചെയ്യും.
Leave A Comment