പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശവുമായി തൃശൂർ ജില്ലയിൽ ആരോഗ്യവിഭാഗം
തൃശൂർ: പകർച്ചവ്യാധി പ്രതിരോധത്തിൽ ജാഗ്രതാനിർദേശവുമായി ജില്ലാ ആരോഗ്യവിഭാഗം. വിദഗ്ധ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ വന്നാൽ മരണം വരെ സംഭവിക്കാവുന്ന ഡെങ്കിപ്പനിയാണ് ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതുവരെ ജില്ലയിൽ മൊത്തം 144 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരി ച്ചിരുന്നു. അതോടൊപ്പം 413 സ്ഥിരീകരിക്കാത്ത ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒല്ലൂർ, മറ്റത്തൂർ എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഇപ്പോൾ ജില്ലയിൽ എച്ച് വണ്‍ എൻ വണ്‍, ചിക്കൻപോക്സ്, ടൈഫോയ്ഡ്, തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയിൽ ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു.
വെള്ളക്കെട്ടുകളും പാത്രങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവും ഒഴിവാക്കണം. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ ശ്രദ്ധിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കണം.
രോഗലക്ഷണങ്ങൾ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ നടത്താതെ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
Leave A Comment