എബിസി കേന്ദ്രങ്ങൾ: മാള ബ്ലോക്കിനോടും സ്ഥലം കണ്ടെത്താൻ നിർദേശം
തൃശൂർ: തെരുവുനായ്ക്കൾക്കായി ബ്ലോക്ക് തലത്തിൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കാൻ സ്ഥലം കണ്ടെത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്കു നിർദേശം. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് നിർദേശം നൽകിയത്. ചാവക്കാട് നഗരസഭ, മാള ബ്ലോക്ക് പഞ്ചായത്ത്, വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന എബിസി ഷെൽട്ടർ ഹോമുകളുടെ തത്സ്ഥിതി സംബന്ധിച്ച വിശദവിവരങ്ങൾ ആരാഞ്ഞു.
കുറവുള്ള വിഹിതം ജില്ലാ പഞ്ചായത്ത് നൽകാനും ജില്ലാആസൂത്രണ സമിതി യോഗത്തിൽ തീരുമാനമായി. മാലിന്യനിർമാർജന പദ്ധതികൾ സംബന്ധിച്ച ബോധവത്ക്കരണം ജനങ്ങൾക്കിടയിൽ ഉൗർജിതമായി പൂർത്തിയാക്കും. ഈമാസത്തിനകം പഞ്ചായത്ത് തലത്തിൽ ജനകീയ സമിതി ചേരാനും വാർഡ് തലത്തിൽ ക്ലസ്റ്റർ റിപ്പോർട്ട് തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ജനകീയ ഹരിത ഓഡിറ്റ് നടത്തി ജൂലൈ 15നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെയാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ചത്.
കാറ്റഗറി ഒന്നിൽ ഉള്ള 75 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യരഹിതമായി മാറാനും യൂസർ ഫീ സംവിധാനം 100% എത്തിക്കാനും ഓഗസ്റ്റ് വരെ സമയം നൽകും. എംസിഎഫുകളുടെ നവീകരണം പുനരുദ്ധാരണം ഗൗരവത്തോടെ പരിഗണിക്കാനും തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ശുചിത്വമിഷൻ, ഹരിത കേരളം, കില എന്നിവരുടെ സഹകരണത്തോടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയാറാക്കണം. ഇതിനായി കിലയുടെ ആഭിമുഖ്യത്തിൽ ഡിപിആർ ക്ലിനിക് സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ അരുണ് രംഗൻ, പ്ലാനിംഗ് ബോർഡ് എസ്ആർജി അംഗം അനൂപ് കിഷോർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Leave A Comment