ജില്ലാ വാർത്ത

പാടശേഖരങ്ങളില്‍ ചതിക്കുഴികൾ ഏറെ ; വേണ്ടത് കൃഷിവകുപ്പിന്‍റെ നിതാന്ത ജാഗ്രത

പൊയ്യ: പൂപ്പത്തിയിൽ അമ്മയും മകളും മുങ്ങിമരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കുളത്തിന് സംരക്ഷണ ഭിത്തി ഒരുക്കണമെന്ന് നാട്ടുകാർ. കൃഷിഭവന്റെ അനുമതിയോടെയാണോ ഇത്തരമൊരു കുഴി നിർമ്മിച്ചതെന്ന് അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. മാള മേഖലയിലെ മിക്ക പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ ഇത്തരത്തിൽ ഉള്ള ചതിക്കുഴികൾ ധാരാളമായുണ്ട്. 

ചുള്ളൂർ അമ്പലത്തിന് സമീപത്തെ പാടത്തുള്ള കുളത്തിൽ ആണ് ശനിയാഴ്ച്ച വൈകീട്ടോടെ നാടിനെ നടുക്കിയ  അപകടം ഉണ്ടായത്. വൈകുന്നേരം തറവാട്ടിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു അനുവും മൂന്ന് കുട്ടികളും. കുളത്തിന് സമീപത്ത് പോയ രണ്ടാമത്തെ കുട്ടി അലീനയുടെ ചെരുപ്പ് വെള്ളത്തിൽ വീഴുകയും അതെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അനു വെള്ളത്തിൽ വീഴുകയും ചെളിയിൽ താഴ്ന്നു പോവുകയും ആയിരുന്നു. തുടർന്ന് അമ്മയെ രക്ഷിക്കാൻ ആയി മൂത്ത മകൾ ആഗ്ന വെള്ളത്തിൽ ചാടുകയും താഴ്ന്നു പോവുകയും ആയിരുന്നു. അപകടത്തെ തുടര്‍ന്ന്‍ ഈ ചതിക്കുഴിയുടെ  യഥാർത്ഥ സ്ഥലമുടമയെ കണ്ടെത്തി അവർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്റെ നീക്കം. ഈ നടപടികൾ പുരോഗമിക്കുകയാണെന്ന് പൊയ്യ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെയ്സി തോമസ് മീഡിയ ടൈമിനോട് പറഞ്ഞു. 

ഇതിനിടെ റവന്യൂ വകുപ്പ് അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതായും സൂചനയുണ്ട്. കൊടുങ്ങല്ലൂർ തഹസിൽദാർ ആണ് അന്വേഷണം നടത്താൻ  പൊയ്യ വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അറിയുന്നു. 

 പാടത്തെ ഇത്തരത്തിലുള്ള ചതിക്കുഴികളെ സംബന്ധിച്ച് റവന്യൂ വകുപ്പും കൃഷി വകുപ്പും തുടരന്വേഷണം നടത്തി നടപടി എടുക്കേണ്ടത് അനിവാര്യമാണ്. എന്തെന്നാൽ പ്രളയബാധിത പ്രദേശങ്ങളിൽ വേനൽക്കാലത്ത് ജല സംരക്ഷണത്തിന് ഇത്തരത്തിലുള്ള കുഴികൾ കുഴിക്കുകയും വർഷത്തിൽ കുഴികൾ വെള്ളത്താൽ മൂടപ്പെടുകയും ചെയ്യും. പിന്നീട് ഈ കുഴികളിലേക്ക് ചളി സ്വരൂപിക്കപ്പെടുകയും പാടമേത് കുളമേത് എന്ന് തിരിച്ചറിയാൻ ആകാത്തവിധം അപകടക്കെണി ആകുകയും ചെയ്യും. മാള മേഖലയിലെ മിക്ക പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ ഇത്തരത്തിൽ ഉള്ള ചതിക്കുഴികൾ ധാരാളമായുണ്ട്. കൃഷി വകുപ്പും റവന്യു അധികൃതരും ഇത്തരം കുഴികളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അവ കണ്ടെത്തുകയും കുഴികൾ മൂടുകയോ സംരക്ഷണ ഭിത്തി ഒരുക്കുകയോ ചെയ്തില്ലെങ്കിൽ ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചേക്കാം

Leave A Comment