ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം: രണ്ടു ടൂറിസ്റ്റ് ബസുടമകൾ അറസ്റ്റിൽ
തൃശൂർ: ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകർത്തുന്നതിനിടെ ജന്മഭൂമി ഫോ ട്ടോഗ്രാഫർ ജീമോൻ കെ. പോളിനെ കൈയേറ്റം ചെയ്ത ടൂറിസ്റ്റ് ബസുടമകളുടെ സംഘത്തിലെ രണ്ടു പ്രതികളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.ജയ്ഗുരു ടൂറിസ്റ്റ് ബസുടമ തൃശൂർ പുഴയ്ക്കൽ കുരിയാക്കോട്ട് വീട്ടിൽ സുജിത് സുധാകരൻ (36), ജീസസ് ടൂറിസ്റ്റ് ബസുടമ മറ്റം ഇമ്മട്ടി വീട്ടിൽ ദിലീഷ് ജോസ് (54) എന്നിവരെയാണ് സിഐ ലാൽകുമാറിന്റെ നിർദേശപ്രകാരം എസ്ഐ കെ. ഉമേഷ് അറസ്റ്റു ചെയ്തത്. ഫോട്ടോഗ്രാഫറെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് സിഐ പറഞ്ഞു.
കഴിഞ്ഞ 12 ന് ഉച്ചയോടെയാണു സംഭവം. ഹൈക്കോടതി നിർദേശം ലംഘിച്ച് കളർകോഡില്ലാതെ തൃശൂർ നഗരത്തിലെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകർത്താൻ തേക്കിൻകാട് മൈതാനിയിലെത്തിയതായിരുന്നു ജീമോൻ. ചിത്രം പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് തടഞ്ഞുവയ്ക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പോലീസെത്തിയാണു ജീമോനെ മോചിപ്പിച്ചത്.
തുടർന്ന് ബസുടമകൾ തന്നെ ഫോട്ടോഗ്രാഫറെ അപമാനിക്കുന്നതിനായി കൈയേറ്റം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ മാധ്യമപ്രവർത്തകർ ഒന്നടങ്കം പ്രതിഷേധിക്കുകയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കുകയും ചെയ്തതിനെത്തുടർ ന്നാണു അന്വേഷണം സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയെ ഏൽപ്പിച്ചത്.
Leave A Comment