പട്ടികജാതി വിദ്യാർത്ഥികളെ പ്രധാന അധ്യാപകൻ കുനിച്ചു നിർത്തി ഇടിച്ചുവെന്ന് പരാതി
പറവൂർ : പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളെ പ്രധാനാധ്യാപകൻ കുനിച്ച് നിർത്തി ഇടിച്ചതായി പരാതി. ചേരാനല്ലൂർ അൽ ഫറൂഖ്യ സ്കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നും ഇയാളെ സംരക്ഷിക്കുന്ന ചേരാനല്ലൂർ പോലീസിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ചേരാനല്ലൂർ കച്ചേരിപ്പടിയിൽ പ്രതിഷേധ സംഗമം നടത്തി.
ചേരാനല്ലൂർ അൽ ഫറൂഖ്യ സ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥികളായ സായ് ഗണേഷ്, അതുൽ അനീഷ് എന്നീ വിദ്യാർത്ഥികളെയാണ് പ്രധാന അധ്യാപകൻ മുഷ്ടി ചുരുട്ടിയും, കൈമുട്ടു കൊണ്ടും വിദ്യാർത്ഥികളെ മർദ്ദിച്ചത്. മറ്റ് രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ തമ്മിലടിയിൽ പിടിച്ചു മാറ്റാനാണ് ഇരുവരും ശ്രമിച്ചത്. എന്നാൽ കാരണം പോലും അന്വേഷിക്കാതെയാണ് പ്രധാന അധ്യാപകൻ തങ്ങളെ മർദ്ദിച്ചത് എന്ന് വിദ്യാർഥികൾ മീഡിയ ടൈമിനോട് പറഞ്ഞു.
മർദ്ദനത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ചേരാനല്ലൂർ പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് പി.കെ.എസ്.പ്രതിഷേധ സംഗമം സംഘടിപ്പിച്ചത് എന്ന് നേതാക്കൾ വ്യക്തമാക്കി.
പി.കെ.എസ്.സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വി.ആർ.ശാലിനി, സംസ്ഥാന ജോ:സെക്രട്ടറി പി.ഒ.സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി സുരേഷ് ബാബു, വി.വി.പ്രവീൺ, ഷീബൻ, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
Leave A Comment