സ്വിച്ചിട്ടാൽ 'ഭാവം'മാറും, കാറിന്റെ ഒളിച്ചുകളി പൊളിച്ച് ഉദ്യോഗസ്ഥർ
കാക്കനാട് : സ്വിച്ച് അമർത്തിയാൽ കാറിന്റെ മാറ്റം വരുത്തിയ ശബ്ദം പഴയ പടിയാകും. പരിശോധകരെ കാണുമ്പോൾ യാതൊരു മാറ്റവുമില്ലാതിരുന്ന വാഹനം അല്ലാത്ത സമയങ്ങളിൽ അമിത ശബ്ദത്തിൽ കുതിക്കും. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഗതാഗത നിയമലംഘനങ്ങളും ലഹരിമരുന്ന് ഉപയോഗവും കണ്ടെത്തുന്നതിനായി കളമശേരി പൈപ്പ്ലൈൻ ജംഗ്ഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ 'ഒളിച്ചുകളി ' കാർ പിടികൂടിയത്. വാഹനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
എൻഫോഴ്സ്മെന്റ് ആർടിഒ പി.എസ് സ്വപ്ന നേതൃത്വം നൽകിയ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിലെയും എക്സൈസ് വകുപ്പിലെയും രണ്ട് സ്ക്വാഡുകൾ വീതവും സെയിൽ ടാക്സ് ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും പങ്കാളികളായി. മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ രൂപമാറ്റം തടയുക, വാഹനമോടിക്കുന്നവരുടെ ലഹരി ഉപയോഗം നിയന്ത്രിക്കുക, ടാക്സ് സംബന്ധമായ നിയമലംഘനങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ സംയുക്ത പരിശോധന ആരംഭിച്ചത്. പരിശോധനയിൽ 68 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഹെൽമെറ്റ് വയ്ക്കാത്തതിന് 43 പേർക്കെതിരെയും വൺവേ തെറ്റിച്ചതിനു മൂന്ന് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.
നമ്പർ പ്ലേറ്റ് ശരിയായി പ്രദർശിപ്പിക്കാത്ത മൂന്ന് വാഹനങ്ങൾക്കെതിരെയും സൈലൻസറിൽ മാറ്റം വരുത്തിയ മൂന്ന് വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കും. ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്തതിന് മൂന്ന് വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും. ലൈസൻസ് ഇല്ലാത്ത മൂന്നു പേർക്കെതിരേയും നടപടിയെടുക്കും. രൂപമാറ്റം വരുത്തിയ മൂന്ന് വാഹനങ്ങൾക്ക് വാഹനം പഴയരീതിയിലാക്കാൻ ഒരാഴ്ച സമയം നൽകി.
കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്കെതിരെയുള്ള കുറ്റപത്രം വരും ദിവസങ്ങളിൽ കോടതിയിൽ സമർപ്പിക്കും. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരും. കൂടുതൽ വകുപ്പുകളും പരിശോധനയുടെ ഭാഗമാകും.
Leave A Comment