ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു
തൃശൂര്‍: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു.
വാഴാലിപ്പാടം സ്വദേശി 56 വയസ്സുള്ള വാസുദേവന്‍ ആണ് മരിച്ചത്. പ്രദേശവാസിയായ ജയനും വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇരുവരേയും വെട്ടിയ സുഹൃത്ത് ഗീരീഷിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.
ഇന്ന് രാവിലെ ഒന്‍പതരയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചെത്തുതൊഴിലാകളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്‍റെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ വാസുദേവന്‍ സംഭവ സ്ഥലത്ത് വെച്ച തന്നെ മരിച്ചു. വാസുദേവന്‍റെ കഴുത്ത് അറ്റു തൂങ്ങിയ നിലയിലാണ്. കൃത്യത്തിന് ശേഷം റോഡിലൂടെ വരുമ്പോഴാണ് ഓട്ടോ ഡ്രെെവറായ ജയനേയും വെട്ടിയത്. മാടുകളെ തീറ്റാനായി കൊണ്ടു പോകുന്നതിനെടെയാണ് ജയന് വെട്ടേറ്റത്. തലക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ മുളംകുന്നത്ത് കാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെറുതുരുത്തി പോലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഗിരീഷിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.അതേസമയം കൊലപാതകത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
Leave A Comment