ചാലക്കുടി മണ്ഡലത്തിലെ റെയിൽവേ വികസനം ലോക്സഭയിൽ ഉന്നയിച്ച് ബെന്നി ബഹനാൻ
ന്യൂഡൽഹി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ആലുവ,അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിലെ വിവിധ വികസന പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു. ഇതേവിഷയത്തിൽ കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽ കണ്ട് എംപി നിവേദനവും കൈമാറി.
ആലുവ റെയിൽവേ സ്റ്റേഷന് പുതിയ പ്രവേശന കവാടം എന്നത് ആലുവക്കാരുടെ വർഷങ്ങൾ നീണ്ട ആവശ്യമാണെന്നും ആയതിനാൽ പടിഞ്ഞാറൻ ഭാഗത്ത് പുതിയ പ്രവേശന കവാടം നിർമിക്കണമെന്നും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
ഒപ്പം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ റെയിൽവേ ഗേറ്റുള്ള അപൂർവം സ്റ്റേഷനുകളിൽ ഒന്നായ അങ്കമാലിയിലും, ചൊവ്വര റെയിൽവേ സ്റ്റേഷനു സമീപം പുറയാറിലും റെയിൽവേ മേല്പാലങ്ങൾ നിർമിക്കണമെന്നും, ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ റൂഫിംഗ് സംവിധാനം ഒരുക്കണമെന്നും എംപി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു. കൂടാതെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി ,ചെന്നൈ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, എറണാകുളം -ഷാലിമാർ എക്സ്പ്രസ് എന്നിവയ്ക്ക് ആലുവയിലും മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസ്, തിരുനൽവേലി -പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനതപുരം -മധുരൈ അമൃത എക്സ്പ്രസ് എന്നിവയ്ക്ക് അങ്കമാലിയിലും, കൂടാതെ മാവേലി എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയ്ക്ക് ചാലക്കുടിയിലും സ്റ്റോപ്പേജുകൾ അനുവദിക്കണമെന്നും എം പി സഭയിലും മന്ത്രിയോടുമായും ആവശ്യപ്പെട്ടിട്ടുണ്ട്.
Leave A Comment