അന്തര്‍ദേശീയം

മോദിക്കെതിരായ അധിക്ഷേപ പരാമർശം; മാലദ്വീപിൽ മൂന്ന് മന്ത്രിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച മന്ത്രിമാരെ സസ്പെ‌ൻഡ്‌ചെയ്‌ത് മാലദ്വീപ് സർക്കാർ മന്ത്രിമാരായ മറിയം ഷിവുന, ഹസ്സൻ സിഹാൻ, മൽഷ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രിമാരുടെ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്‌തി അറിയിച്ചതിന് പിന്നാലെയാണ് മാലദ്വീപ് സർക്കാരിന്റെ നടപടി.

നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. സഹമന്ത്രിമാരായ മൽഷ, ഹസ്സൻ സിഹാൻ എന്നിവർ പിന്നാലെ അപകീർത്തി പരാമർശം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ എത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

തുടർന്ന് മന്ത്രിമാരുടെ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കും വലിയ വിമർശനങ്ങൾ ഇത് ക്ഷണിച്ചുവരുത്തി. മന്ത്രിമാരുടെ പരാമർശത്തിനെതിരേ മാലദ്വീപ് മുൻ പ്രധാനമന്ത്രി മുഹമ്മദ് നഹീദ് അടക്കം രംഗത്ത് വന്നിരുന്നു. അധിക്ഷേപ പരാമർശം സർക്കാർ നിലപാടല്ല എന്ന് വ്യക്തമാക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി വ്യക്തമാക്കിയിരുന്നു. തുടർന്ന് മന്ത്രിമാരുടെ നിലപാട് തള്ളി മാലദ്വീപ് സർക്കാർ പ്രസ്ത‌ാവനയിറക്കി. ഇതിന് പിന്നാലെയാണ് മൂന്ന് മന്ത്രിമാർക്കെതിരേ നടപടി സ്വീകരിച്ചത്.

Leave A Comment