അന്തര്‍ദേശീയം

മലയാളി യുവതിയെ ഷാർജയിൽ കാണാതായി; കാണാതായത് ക്ലിനിക്കിൽ വച്ച്; സഹായം അഭ്യർഥിച്ച് കുടുംബം

 ഷാർജ: ശനിയാഴ്ച രാവിലെ മുതൽ മലയാളി യുവതിയെ ഷാർജയിൽ നിന്ന് കാണാനില്ലെന്ന് പരാതി. ഇതുസംബന്ധിച്ച രക്ഷിതാക്കൾ അൽ ഗർബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഷാർജ അബു ഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു-22)യെ ആണ് ഇന്ന് (20) രാവിലെ 8 മുതൽ കാണാതായത്. സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറയിലെ സബ അൽ നൂർ ക്ലിനിക്കിലേക്ക്  കൂടെ പോയതാണ് റിതിക. സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു.അഞ്ച് മിനിറ്റിനകം സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലായിരുന്നു. ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങി പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു.വെളുപ്പിൽ കറുത്ത വരകളുള്ള ടോപ്പും പാന്റ്സുമായിരുന്നു കാണാതാകുമ്പോൾ റിതിക ധരിച്ചിരുന്നത്. പരിസരങ്ങളിലൊക്കെ മാതാപിതാക്കളും ബന്ധുക്കളും മറ്റും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. യുവതിയെ കണ്ടുകിട്ടുന്നവർ 0547517272 (ആശ) എന്ന നമ്പറിൽ വിവരം അറിയിക്കണം.  കഴിഞ്ഞ 27 വർഷമായി യുഎഇയിൽ താമസിക്കുന്ന കുടുംബത്തിലെ രണ്ട് മക്കളിൽ മൂത്തയാളായ റിതിക ഇവിടെ തന്നെയാണ് ജനിച്ച് വളർന്നത്. പത്താം ക്ലാസ് വരെ ഷാർജയിൽ പഠിച്ച ശേഷം പഠനം ഉപേക്ഷിച്ചു. ചിത്രരചനയിലും പെയിന്റിങ്ങിലുമൊക്കെ തത്പരയായതിനാൽ വീട്ടിലേക്ക് അധ്യാപകനെത്തി പഠിപ്പിച്ചുവരികയായിരുന്നു. 

Leave A Comment