കർക്കടക വാവിനൊരുങ്ങി ആലുവ മണപ്പുറം പക്ഷേ യാത്ര കഠിനം
ആലുവ : കൂർത്ത കരിങ്കല്ലും മഴപെയ്താൽ വഴുക്കലും... ആലുവ ശിവരാത്രി മണപ്പുറത്തേക്കെത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് ദുരിതവഴി. മണപ്പുറത്തെ ഗോപുരനിർമാണത്തിനായി പൊളിച്ച വഴി പുനഃസ്ഥാപിക്കാത്തതാണ് വിശ്വാസികളെ വലയ്ക്കുന്നത്. നിരവധി തവണ വഴി പഴയതുപോലെയാക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടന്നില്ല.
ഭക്തജനങ്ങൾക്ക് മണപ്പുറത്തേക്ക് ഇറങ്ങാൻപറ്റാത്ത വിധത്തിൽ പ്രധാന പാത, നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ രണ്ടു മാസമാണ് അടച്ചുകെട്ടിയത്. പ്രതിഷേധം ഉയർന്നതോടെ അടച്ചുപൂട്ടിയ വഴി തുറന്നുകൊടുത്തു. എന്നാൽ, കരിങ്കൽപ്പാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു. അതിനു മുകളിൽ പാറപ്പൊടി വിതറിയെങ്കിലും കനത്ത മഴയിൽ അത് ഒലിച്ചുപോയി. ഇതോടെ വീണ്ടും കരിങ്കൽപ്പാളികൾ തെളിഞ്ഞു. പുനർനിർമാണം എന്ന പേരിൽ ഭക്തജനങ്ങൾ നിത്യേന തൊഴുത് പ്രദക്ഷിണംവെച്ചിരുന്നതും വിളക്കു കൊളുത്തിയിരുന്നതുമായ ആൽത്തറ പൊളിച്ചിട്ടിരിക്കുകയാണ്.
സ്ഥിരം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഈ മാസം ആദ്യം ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെ താത്കാലിക ചുമതലയാണ് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയത്. കർക്കടകവാവ് ബലിതർപ്പണം അടുത്തുനിൽക്കേ, പെട്ടെന്നുള്ള അവധിമൂലം പ്രധാന ഓഫീസറുടെ ദൈനംദിന കാര്യങ്ങൾ ഉൾപ്പെടെ അവതാളത്തിലായി. ശിവരാത്രി കഴിഞ്ഞാൽ ഏറ്റവുമധികം പേർ മണപ്പുറത്ത് ബലിതർപ്പണത്തിനായി എത്തുന്നത് കർക്കടകവാവിനാണ്. ജൂലായ് 28-നാണ് കർക്കടകവാവ്.
Leave A Comment