അന്തര്‍ദേശീയം

ലോക ജനസംഖ്യ 800 കോടി, ജനസംഖ്യയില്‍ 2030ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും

ജനീവ: യുഎന്‍ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച ലോക ജനസംഖ്യ 800 കോടിയിലെത്തും. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ഷിക വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്റ്റ് റിപ്പോര്‍ട്ടില്‍ ആഗോള ജനസംഖ്യ 1950ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലാണ് വളരുന്നതെന്നും 2020ല്‍ ഒരു ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്നും സൂചിപ്പിക്കുന്നു.

ആഗോള ജനസംഖ്യ 2030ല്‍ ഏകദേശം 8.5 ബില്യണിലേക്കും 2050ല്‍ 9.7 ബില്യണിലേക്കും 2100ല്‍ 10.4 ബില്യണിലേക്കും വളരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനം. ആഗോള ജനസംഖ്യ ഏഴില്‍ നിന്ന് എട്ട് ബില്യണായി വളരാന്‍ 12 വര്‍ഷമെടുത്തെങ്കിലും, അത് ഒമ്പത് ബില്യണിലെത്താന്‍ ഏകദേശം 15 വര്‍ഷമെടുക്കും.

യുഎന്‍ കണക്കുകള്‍ പ്രകാരം 2030നുള്ളില്‍ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. 2050ല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി അമേരിക്ക തുടരും.

2050 വരെയുള്ള ജനസംഖ്യയില്‍ പകുതിയിലധികം വര്‍ധന കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും.

വൈദ്യശാസ്ത്ര രംഗത്തെ പുരോഗതി നിമിത്തം ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ആയുര്‍ദൈര്‍ഘ്യം 2019ല്‍ 72.8 വര്‍ഷത്തിലെത്തി. മാതൃശിശുമരണ നിരക്ക് കുറഞ്ഞുവെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

എന്നാല്‍ അതിവേഗത്തിലെ ജനസംഖ്യാ വര്‍ധനവ് ദാരിദ്ര്യ നിര്‍മാര്‍ജനം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയ്ക്കെതിരായ പോരാട്ടത്തേയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന് യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു സെന്‍മിന്‍ പറഞ്ഞു.

Leave A Comment