മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങിയിട്ടില്ല; വിശദീകരണവുമായി ദേവസ്വം ബോർഡ്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ധൂർത്തെന്ന പ്രചാരണം തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ സത്യവിരുദ്ധമാണെന്നും ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചെന്ന പരാമർശം റിപ്പോർട്ടിൽ ഇല്ല. ഭജൻ അവതരിപ്പിക്കാൻ നന്ദഗോവിന്ദം ഭജൻസിനെ സമീപിച്ചെങ്കിലും അസൗകര്യം അറിയിച്ചുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. നന്ദഗോവിന്ദത്തിന് മറ്റുപരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ പകരം വന്നത് ഇഷാന് ദേവാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 25ലധികം കലാകാരന്മാരും 10ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്കാരമാണ് സംഘം അവതരിപ്പിച്ചത്.
വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് ചെലവായത്. നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. അങ്ങനെ തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്.
തുക പോയത് ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ്. ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ല. അങ്ങനെ ഒരു വാർത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണ്.
പരിപാടി കഴിഞ്ഞതിന് ശേഷം അംഗീകരിക്കാവുന്ന ചെലവുകൾ സംബന്ധിച്ച് 04-11-2025-ന് ദേവസ്വം കമ്മീഷണർ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്പെഷ്യൽ കമ്മീഷണർക്ക് നൽകിയിരുന്നു. അതിലെ Part K എന്ന തലക്കെട്ടിൽ “Furniture and Miscellaneous Items for Existing Office Complex and Guest House” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 3,83,439 രൂപ വകയിരുത്തിയതാണ്.
ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
കേന്ദ്ര മന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉൾപ്പെടെ എത്തുന്ന പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടിൽ വാങ്ങിയെന്ന തരത്തിൽ ദുഷ്പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും ദേവസ്വം ബോർഡ് പറയുന്നു.
വിവിധ ബാങ്കുകളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച മൂന്ന് കോടി രൂപ ഒക്ടോബര്‍ 17ന് തന്നെ ജനറല്‍ ഫണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു. അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ കൂടി ലഭിക്കാനുണ്ട്. നിലവില്‍ പ്രത്യേക അക്കൗണ്ടില്‍ ഒരു കോടി എഴുപത്തിനാല് ലക്ഷത്തിലധികം രൂപ അവശേഷിക്കുന്നുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. ഭക്ഷണ വിതരണത്തില്‍ തുക വകമാറ്റിയെന്ന ആരോപണവും ബോര്‍ഡ് തള്ളി.
അതിഥികള്‍ക്ക് പുറമെ ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കും പമ്പയിലെ തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കിയിട്ടുണ്ട്. അന്നദാന പ്രിയനായ അയ്യപ്പന്റെ നാമത്തില്‍ നടന്ന സംഗമത്തില്‍ ആരെയും ഒഴിവാക്കരുതെന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്.
കോടതി നിര്‍ദ്ദേശപ്രകാരം സമയപരിധിക്കുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നതിനാലാണ് ചില പൊരുത്തക്കേടുകള്‍ ഉണ്ടായതെന്നും ഇത് പരിശോധിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഈ മാസം 17ന് ചേരുന്ന ബോര്‍ഡ് യോഗം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ശബരിമലയുടെ മഹത്വം ലോകമെമ്പാടും എത്തിക്കാനുള്ള മഹത്തായ സംരംഭത്തെ കരിവാരിത്തേക്കരുതെന്നും വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Leave A Comment