ശബരിമലയിലെ തിരക്ക്: പോലീസിനെ വിമർശിച്ച് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട പോലീസിനെ വിമർശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പതിനെട്ടാം പടിയിലെ തിരക്ക് നിയന്തിക്കാനായി നിയോഗിച്ച പോലീസുകാർക്ക് വേണ്ടത്ര ജോലി പരിചയം ഇല്ലെന്ന് ബോർഡ് കുറ്റപ്പെടുത്തി.
സന്നിധാനത്തെ തിരക്ക് നിയന്ത്രണത്തെപ്പറ്റി ചർച്ച ചെയ്യാനുള്ള അവലോകന യോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്.
ബോർഡിന്റെ വിമർശനത്തിന് മറുപടിയായി, പതിനെട്ടാം പടിയിലെ സുരക്ഷാ നിയന്ത്രണം ദേവസ്വം ബോർഡിന് ഏറ്റെടുക്കാമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ പ്രസ്താവിച്ചു. എന്നാൽ ഉടൻതന്നെ, താൻ തമാശ പറഞ്ഞതാണെന്ന് അദേഹം വ്യക്തമാക്കി.
സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കയറ്റി പമ്പയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസിയെ മന്ത്രി രാധാകൃഷ്ണൻ വിമർശിച്ചു. കെഎസ്ആർടിസിയുടെ ഈ നടപടി തിരക്ക് വർധിക്കാൻ കാരണമാകുന്നുവെന്നും അധിക തുക വാങ്ങി സർവീസ് നടത്തുമ്പോൾ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കണമെന്നും അദേഹം പറഞ്ഞു.
ശബരിമല സർവീസിനായി പുതിയ ബസുകൾ വിട്ട് നൽകാത്ത കെഎസ്ആർടിസി നടപടിയെയും മന്ത്രി വിമർശിച്ചു.
Leave A Comment