കേരളം

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

വയനാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്ത കേസിൽ പതിനെട്ട് പ്രതികളും പിടിയിൽ. സിദ്ധാർത്ഥനെ മർദിക്കാൻ നേതൃത്വം നൽകിയ മുഖ്യപ്രതി സിൻജോ ജോൺസൺ കീഴ്ടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്.

പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായി. ഒളിവിൽ പോകാൻ പ്രതികളെ സഹായിച്ചവർക്കെതിരെ കേസ് വേണമെന്ന് കുടുംബം വ്യക്തമാക്കി.

മർദ്ദിക്കാനുള്ള സ്ഥലമടക്കം എല്ലാം ആസൂത്രണം ചെയ്ത സിൻജോ ജോൺസനും പിടിയിലായി. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ തലയുണ്ടാകില്ലെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതും സിൻജോയാണ്.

സിദ്ധാർത്ഥിൻ്റെ മരണമുണ്ടായി പതിമൂന്നാം നാളാണ് പ്രതികളെല്ലാം കുടുങ്ങിയത്. ഇവർക്ക് ഒളിയിടം ഒരുക്കിയവരെയും പ്രതി ചേർക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെയുള്ളവർക്ക് സിപിഎം സംരക്ഷണം കിട്ടി എന്നാണ് ഉയരുന്ന ആരോപണം.

Leave A Comment