കേരളം

സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല; ഏപ്രില്‍ ഫൂള്‍ പോസ്റ്റിട്ട് വനിതാ ശിശു വികസന വകുപ്പ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. സ്ത്രീധനം വാങ്ങുന്നത് തെറ്റല്ലെന്നും ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താമെന്നും ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞതിന് ശേഷം ഇത് ഏപ്രില്‍ ഫൂള്‍ തമാശ മാത്രമാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്.




സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ലെന്നും ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവ് ബലപ്രയോഗം നടത്തുന്നത് കുറ്റമല്ലെന്നുമുള്ള പൊതുധാരണകളെ കണക്കിന് പരിഹസിക്കും വിധത്തിലാണ് പോസ്റ്റ് തയാറാക്കിയിരുന്നത്. ഇത്തരം ധാരണകള്‍ ശരിയെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ ഫൂളുകളെന്ന് സൂചിപ്പിക്കുന്നതായിരുന്നു പോസ്റ്റുകള്‍. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങളെന്ന പേരില്‍ ചില ‘വിഡ്ഢി നിയമങ്ങള്‍’ പോസ്റ്റ് ചെയ്ത് അവസാനം ‘പറ്റിച്ചേ…’ എന്ന തമാശ പോസ്റ്ററും വനിതാ ശിശു വികസന വകുപ്പ് തങ്ങളുടെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.



എന്നാല്‍ പോസ്റ്റിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഏപ്രില്‍ ഫൂള്‍ പോസ്റ്റാണെങ്കിലും ഇതില്‍ ഉള്‍പ്പെട്ട ‘പറ്റിക്കല്‍ പോസ്റ്റുകള്‍’ വാട്ട്‌സ്ആപ്പിലും മറ്റും പ്രചരിച്ച് തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. പോസ്റ്റ് എത്രയും വേഗം പിന്‍വലിക്കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോള്‍ പോസ്റ്റ് വനിതാ ശിശു വികസന വകുപ്പിന്റെ ഔദ്യോഗിക പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.


Leave A Comment