കേരളം

പാലിയേക്കരയില്‍ വീണ്ടും ടോള്‍ കൊള്ള; 65 രൂപ വരെ വര്‍ധന

പാലിയേക്കര: മണ്ണുത്തി ഇടപ്പിള്ളി ദേശീയപാതയുടെ ശോചനീയാവസ്ഥ തുടരുമ്പോഴും വര്‍ഷംതോറും ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ കരാര്‍ കമ്പനിക്ക് അനുകൂല നിലപാടെടുക്കുകയാണ് ദേശീയപാത അതോറിറ്റി.റോഡിലെ കുഴിയടക്കലും, റീ ടാറിംഗും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലുമെല്ലാം പാതിവഴിയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി ടോള്‍ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നത്. രണ്ട് വര്‍ഷം കാര്യമായ നിരക്ക് വര്‍ദ്ധന ഉണ്ടായില്ലെങ്കിലും അതെല്ലാം തിരിച്ചുപിടിക്കുന്നതിനായാണ് ഇത്തവണ ടോള്‍ നിരക്ക് ഗണ്യമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി വിജ്ഞാപനം ഇറക്കി. സെപ്തംബര്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കില്‍ ടോള്‍ പിരിവ് ആരംഭിക്കും.15 ശതമാനം വരെയാണ് ഇത്തവണ ടോള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ദ്ധന.


ഒരു വശത്തേക്കുള്ള യാത്രക്ക് വിവിധ വാഹനങ്ങള്‍ക്ക് 10 മുതല്‍ 65 രൂപ വരെയാണ് വര്‍ധിപ്പിക്കുക.
കാറുകള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്രക്ക് 80 രൂപയുണ്ടായിരുന്നത് 90 രൂപയാകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 120 രൂപയായിരുന്നത് 135 രൂപയാകും. ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് 140 രൂപയായിരുന്നത് 160 രൂപയായും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 205 രൂപയായിരുന്നത് 235 രൂപയും, ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയുണ്ടായിരുന്നത് 315 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 415 എന്നത് 475 രൂപയായും വര്‍ധിപ്പിക്കും.
മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആയും 665 രൂപയായിരുന്നത് 765 ആയും വര്‍ധിപ്പിക്കും.

Leave A Comment