കേരളം

ന്യായവിലയിൽ പച്ചക്കറി: നെടുമ്പാശ്ശേരി ബ്ലോക്കിൽ ആറ് ഓണചന്തകൾ ഒരുങ്ങുന്നു

നെടുമ്പാശ്ശേരി : ഓണത്തിന് ന്യായവിലയിൽ പച്ചക്കറികൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നെടുമ്പാശ്ശേരി കാർഷിക ബ്ലോക്കിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആറ് ഓണച്ചന്തകൾ ഒരുങ്ങുന്നു.  സെപ്തംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ ബ്ലോക്ക് പരിധിയിലെ പാറക്കടവ്, പുത്തൻവേലിക്കര, കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം  പഞ്ചായത്തുകളിൽ ഓണച്ചന്ത പ്രവർത്തിക്കും. കൃഷിഭവനുകളുടെയും എക്കോഷോപ്പുകളുടെയും നേതൃത്വത്തിലാണ് ഓണച്ചന്തകളുടെ പ്രവർത്തനം.

ഓണക്കാലത്ത് പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതോടൊപ്പം വിഷരഹിതമായ പച്ചക്കറികൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച ഗുണമേന്മയുള്ള പച്ചക്കറികൾ വിൽപ്പനയ്ക്കായി ചന്തകളിൽ ലഭ്യമാക്കുക.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷിഭവനുകൾ വഴി വിപണിയിലെ സംഭരണ വിലയേക്കാൾ 10% അധികം തുക നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. നാടൻ പച്ചക്കറികളായ ചേന, കായ, ഇഞ്ചി, തുടങ്ങിയ പച്ചക്കറികൾ പ്രാദേശിക കർഷകരിൽ നിന്നും , മറ്റു പച്ചക്കറികൾ ഹോട്ടികോർപ്പ് വഴിയും ഓണ ചന്തകളിൽ  എത്തിക്കും. പച്ചക്കറികൾ വിപണി വിലയേക്കാൾ 30% കുറവിൽ ഓണ ചന്തയിൽ നിന്ന് പൊതുജനങ്ങൾക്ക്  ലഭിക്കും . എല്ലാ പഞ്ചായത്തുകളിലും ഓണച്ചന്തകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Leave A Comment