സെക്രട്ടേറിയറ്റിലെ തീപിടിത്തം; അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വ്യവസായ മന്ത്രിയുടെ ഓഫീസിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി.
സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിലെ വ്യവസായ മന്ത്രി പി. രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജി. വിനോദിന്റെ കാബിനിലാണ് തീ പിടിച്ചത്. ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.
ഇ ഫയലുകളാണു പ്രധാനമായി കൈകാര്യം ചെയ്യുന്നത്. ഇ ഫയൽ കൈകാര്യം ചെയ്യുന്ന കന്പ്യൂട്ടറിനോ സെർവറിനോ കാര്യമായ കേടുപാടു സംഭവിച്ചിട്ടില്ലെന്നാണ് ഫയർഫോഴ്സും പോലീസും പറയുന്നത്. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനമെന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.
തീപിടിത്തത്തിൽ കാബിന്റെ മുകളിൽ സ്ഥാപിച്ച ജിപ്സം സീലീംഗ്, കസേരകൾ, ഫാൻ തുടങ്ങിയവ കത്തി നശിച്ചു. വിശദ അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് വിഭാഗം പരിശോധന നടത്തി സാന്പിൾ ശേഖരിച്ചു.
രാവിലെ 7.55നാണു തീ പിടിത്തം ശ്രദ്ധയിൽപെട്ടത്. 15 മിനിറ്റിനകം ഫയർഫോഴ്സെത്തി തീ അണച്ചു. രാവിലെ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ അപകടങ്ങളും ഒഴിവായി. രാവിലെ ഓഫീസിലെത്തിയ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരൻ എസി ഓണ്‍ ആക്കിയ ശേഷം ചായകുടിക്കാൻ പുറത്തു പോയി മടങ്ങിയെത്തിയപ്പോഴാണ് തീ പിടിത്തം ശ്രദ്ധയിൽ പെട്ടതെന്നാണു പോലീസിനു നൽകിയിട്ടുള്ള മൊഴി.
Leave A Comment