മേയിലെ കമ്മീഷൻ ലഭിച്ചില്ല, റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
കോഴിക്കോട്: മേയ് മാസത്തെ റേഷന്‍ വ്യാപാരി കമ്മീഷന് ജൂണ്‍ 23 കഴിഞ്ഞിട്ടും വ്യപാരികള്‍ക്ക് ലഭിച്ചില്ല. ഈ മാസം നാലിന് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ നടത്തിയ ചര്‍ച്ചയില്‍ ജൂൺ 11-നകം മേയ് മാസത്തെ വേതനം ലഭിക്കുമെന്ന് ഉറപ്പു നല്കിരുന്നതാണ്.
എന്നാല്‍ മന്ത്രിയുടെ വാക്ക് പാഴ്വാക്കായി. സെയില്സ്മാൻമാരുടെ കൂലി, കടവാടക, മറ്റു ദൈനംദിന ചെലവുകള്‍ എന്നിവ വര്‍ധിച്ചത് കൊണ്ട് വന്‍ സാമ്പത്തിക ബാധ്യത വ്യാപാരികള്‍ക്ക് വന്നുചേര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കുടിശിക കമ്മീഷന് ലഭിക്കുന്നത് വരെ റേഷന്‍ സാധനങ്ങളുടെ പണം അടയ്ക്കാനുള്ള സാഹചര്യമൊരുക്കുകയോ കമ്മീഷനില്‍ നിന്ന് റേഷന്‍ സാധനങ്ങളുടെ വില ഈടാക്കി ബാക്കി വരുന്നസംഖ്യ ഉടന്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
ഇടയ്ക്കിടെ ഉണ്ടാവുന്ന സര്‍വര്‍ തകരാര്‍ പരിഹരിക്കണമെന്നു ആള് കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
Leave A Comment