കനത്തമഴ:ഡാമുകള്‍ തുറക്കുന്നു; ജാഗ്രത വേണം
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ഡാമുകള്‍ തുറന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ ഇനിയും തുറന്നേക്കാന്‍ സാധ്യത. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.പത്തനംതിട്ട മണിയാര്‍ ഡാം തുറന്നു. ഈ സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി കല്ലാര്‍കുട്ടി ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. 15 മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. അണക്കെട്ടില്‍ നിന്ന് സെക്കന്‍ഡില്‍ 150 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു.. പാംബ്ല ഡാമില്‍ നിന്നും 500 ക്യുമെക്സ് വരെ വെള്ളം തുറന്നുവിട്ടേക്കും. പെരിയാര്‍, മുതിരപ്പുഴയാര്‍ തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍, ഇടുക്കി അണക്കെട്ട് ജലനിരപ്പ് 2,307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15 ശതമാനമാണ്. മഴയിൽ പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്.
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്ത് മഞ്ഞ അലര്‍ട്ടാണുള്ളത്. തിരുവനന്തപുരത്ത് മാത്രം പ്രത്യേക മഴ മുന്നറിയിപ്പില്ല.
ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് കോളജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാംപുകള്‍ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്കും അവധിയാണ്.
Leave A Comment