മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകയ്ക്ക്; വലിയ ധൂര്‍ത്താണെന്ന് സതീശന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നു. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകരമായി.
കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം.
പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഹെലികോപ്റ്റര്‍. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ എത്തിക്കുന്നതെന്നാണ് വിശദീകരണം.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമര്‍ശിച്ചു.
ചെലവ് ചുരുക്കാന്‍ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും സതീശന് ആവശ്യപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. സര്‍ക്കാരിന് ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. അഞ്ച് ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
Leave A Comment