കേരളം

'ക്രൂരം, 'ഇവനൊക്കെ മക്കളില്ലേ', പൊലീസ് നടപടിയെ രൂക്ഷമായി വിമ‍ർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമ‍ർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്നും ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ എന്നും സതീശൻ ചോദിച്ചു. പെൺകുട്ടിയെ തല്ലിയ പൊലീസുകാരനെതിരെ നടപടിവേണമെന്നും നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖത്തടിയേറ്റ പെൺകുട്ടിക്ക് സ‍ർജറി വേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.എസ്.യു നേതാക്കളെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെ കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave A Comment