പുതിയ കണക്ഷൻ ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകള്‍ക്കുള്ള ഫീസ് വര്‍ധന അനിവാര്യമാണെന്ന് റെഗുലേറ്ററി കമീഷൻ സിറ്റിങ്ങില്‍ കെഎസ്ഇബിയുടെ വാദം. ഒടുവില്‍ നിരക്ക് നിശ്ചയിച്ച 2019ന് ശേഷം ലേബര്‍ ചാര്‍ജില്‍ വന്ന വര്‍ധന, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതടക്കം കെഎസ്ഇബി ചൂണ്ടിക്കാട്ടി. നിരക്ക് വര്‍ധനക്കെതിരെ 15-ലേറെ പരാതികള്‍ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും കമ്മീഷൻ പരിഗണനയ്ക്ക് വന്നു. ഈ പരാതികളടക്കം പരിഗണിച്ചശേഷമാവും കമ്മീഷൻ തീരുമാനം.
2018ല്‍ അംഗീകരിച്ച നിരക്ക് പ്രകാരം സിംഗിൾ ഫേസ് കണക്ഷന് 1740 രൂപയും പത്ത് കിലോ വാട്സ് വരെയുള്ള ത്രീഫേസ് കണക്ഷന് 4220 രൂപയുമാണ് സര്‍വസ് കണക്ഷൻ നിരക്ക്. ഇത് യഥാക്രമം 3604 ആയും 6935 ആയും വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്‍റെ ആവശ്യം. പോസ്റ്റുകള്‍ സ്ഥാപിച്ച് ലൈൻ വലിക്കുന്നതിനുള്ള ചാര്‍ജ് പുറമേയാണ്. ഇതിന്‍റെ നിരക്കിലും വര്‍ധന വേണമെന്ന ആവശ്യമാണ് ബോര്‍ഡ് ഉയര്‍ത്തിയത്.
പുതിയ പുരപ്പുറ സോളാര്‍ വൈദ്യുതി പദ്ധതിക്ക് രജിസ്ട്രേഷൻ ഫീസ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബി ആവശ്യത്തില്‍ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തും. 2023 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ വൈദ്യുതി വാങ്ങിയ ഇനത്തില്‍ ചെലവുവന്ന തുക സര്‍ചാര്‍ജായി ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 28-നാണ് തെളിവെടുപ്പ്.
Leave A Comment