'ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു', ഇപിക്ക് ഇൻഡിഗോയുടെ പരോക്ഷ മറുപടി
എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഇൻഡിഗോയും തമ്മിലുള്ള വിവാദത്തിൽ ഇപിക്ക് പരോക്ഷ മറുപടിയുമായി ഇൻഡിഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്. പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇൻഡിഗോ മറുപടി നൽകിയത്.വിവാദത്തിന് പിന്നാലെ താനിനി ഇൻഡിഗോയുടെ വിമാനത്തിൽ പോകില്ലെന്നും ട്രെയിനാണ് നല്ലതെന്നും ഇപി പറഞ്ഞിരുന്നു. ‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു.’ എന്നാണ് ഇൻഡിഗോ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് എന്നതും ശ്രദ്ധേയം. ഇനി ഒരിക്കലും താനോ കുടുംബമോ ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞിരുന്നു. ഇൻഡിഗോ മോശം കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളം കമന്റുകളുടെ കമന്റ് പൂരവും അരങ്ങേറി.
നടന്നു പോയാലും അവരുടെ വിമാനങ്ങളിൽ കയറില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ജയരാജൻ പറഞ്ഞെങ്കിലും യാത്രാവിലക്ക് ഏർപ്പെടുത്തിയ കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇ പി ജയരാജൻ കത്തയച്ചു. കോൺഗ്രസ് എംപിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും നടപടി തിരുത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്ന് ഡയറക്ട് തിരുവനന്തപുരം സർവീസ് നടത്തുന്ന ഏക കമ്പനിയാണ് ഇൻഡിഗോ.
Leave A Comment