കേരളം

ഇനി പൊലീസിനെ വിളിക്കേണ്ടത് 100ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പറിൽ

അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായി പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റി. പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ ഇനി വിളിക്കാം.കേരള പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെ പങ്കുവച്ചതാണ് ഈ വിവരങ്ങള്‍.

കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നല്‍കും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളില്‍ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ SoS ബട്ടണ്‍ വഴിയും നിങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.അടിയന്തരസഹായങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോയെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.

Leave A Comment