കേരളം

കാരിച്ചാല്‍ പുറത്ത്; പുന്നമടയില്‍ ഫൈനല്‍ ലൈനപ്പായി; ജലരാജാക്കന്മാരെ ഉടനറിയാം

എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ചുണ്ടൻ വള്ളങ്ങൾ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ പൂർത്തിയായി. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ അവസാനിച്ചു, ഫൈനല്‍ ലൈനപ്പായി. നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടനുകളാണ് ഫൈനലില്‍ തുഴയെറിയുന്നത്. അതേസമയം, കാരിച്ചാല്‍ ചുണ്ടന്‍ ഫൈനല്‍ കാണാതെ പുറത്തായി.

ആയിരക്കണക്കിന് വള്ളംകളി പ്രേമികൾ പുന്നമടക്കായലിന്റെ ഇരുകരകളിലും നിറഞ്ഞിട്ടുണ്ട്. ആദ്യ ഹീറ്റ്സില്‍‌ കാരിച്ചാല്‍ ഒന്നാമതെത്തി ( 4.30 മിനിട്ട്). രണ്ടാമത് വള്ളംകുളങ്ങര. നാല് ചുണ്ടന്‍ വള്ളങ്ങളാണ് മല്‍സരിച്ചത്. രണ്ടാം ഹീറ്റ്സില്‍ നടുവിലെ പറമ്പന്‍ ഒന്നാമതെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചെറുതനയെ പിന്നിലാക്കിയാണ് നടുവിലെ പറമ്പന്‍ ഒന്നാമതെത്തിയത്. ചെറുതന ഫിനിഷ് ചെയ്തത് 4.34 മിനിട്ടിലാണ്. ചുണ്ടന്‍ വള്ളങ്ങളുടെ മൂന്നാം ഹീറ്റ്സില്‍ മേല്‍പ്പാടനാണ് മുന്നിലെത്തിയത്. (4.22 മിനിട്ട്). തലവടി ചുണ്ടന്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ രണ്ടാമതായി. 4.23 മിനിട്ടിലാണ് തലവടി ചുണ്ടന്‍ ഫിനിഷ് ചെയ്തത്. ചുണ്ടന്‍ വള്ളങ്ങളുടെ നാലാം ഹീറ്റ്സില്‍ നടുഭാഗം ഒന്നാമതെത്തി (4.20 മിനിട്ട്). ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നിരണം രണ്ടാമതെത്തി (4.21 മിനിട്ട്). അഞ്ചാം ഹീറ്റ്സില്‍ പായിപ്പാടനാണ് ഒന്നാമതെത്തിയത് (4.26 മിനിട്ട്).പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു കൈയൊപ്പിട്ട ട്രോഫി സ്വന്തമാക്കാൻ 21 ചുണ്ടൻ വള്ളങ്ങളാണ് മല്‍സരിക്കുന്നത്. ഇവയില്‍ നിന്നും ഫൈനലില്‍ മാറ്റുരയ്ക്കുക 4 ചുണ്ടന്‍ വള്ളങ്ങളായിരിക്കും. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവരടക്കമുള്ളവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്.


Leave A Comment