കേരളം

ഗവര്‍ണറും സര്‍ക്കാരും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ; ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം : ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗവര്‍ണറും സര്‍ക്കാരുംകൂടി ജനങ്ങളെ കബളിപ്പിക്കുന്നു. നിരവധി വിഷയങ്ങളില്‍നിന്ന് സര്‍ക്കാരിനെ രക്ഷിക്കാനാണ് ശ്രമെമന്നും വി.ഡി. സതീശന്‍ പറ‍ഞ്ഞു. 

സര്‍വകലാശാലാ വിഷയമാണെങ്കിലും നിലവിലെ വിഷയമാണെങ്കിലും ഇവരെല്ലാം ഒരുമിച്ചാണ്. സുപ്രീം കോടതിയില്‍ ഒരുമിച്ചാണ് വൈസ് ചാന്‍സലര്‍മാരുടെ നിയമനം ശരിയാണെന്ന് സര്‍ക്കാരും ഗവര്‍ണറും ഒരുപോലെ വാദിച്ചത്. എന്നിട്ട് ജനങ്ങളുടെ മുൻപിൽ ഏറ്റുമുട്ടുന്നത് പോലെ കാണിക്കുകയാണ്. 

സിപിഎം സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് സമരം. ഗവര്‍ണര്‍ക്കെതിരായിട്ടുള്ള സമരം എന്ന വ്യാജേനയാണ് ഇത്. ഈ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നത് ഒരുപാട് വിഷയങ്ങളില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയാണ്.ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായിട്ടുള്ള പ്രണയചാപല്യങ്ങള്‍, മദനകാമരാജന്‍ കഥകള്‍, അധികാര ദല്ലാളിന്റെ പണികള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കണം. 

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വരുന്നത്. പൊലീസിന്റെ സഹാത്തോടെ പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടുകയാണ്. കാര്‍ഷിക മേഖല മുഴുവന്‍ തകര്‍ച്ചയിലാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്ന് തരിപ്പണമായി. വലിയ പ്രതിസന്ധിയില്‍ കൂടിയാണ് സര്‍ക്കാര്‍ പോകുന്നത്. ഇതെല്ലാം മറച്ചു വെക്കുന്നതിന് വേണ്ടിയിട്ടാണ് സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Leave A Comment