കൊച്ചിയില്‍ കനത്ത മഴ; എംജി റോഡില്‍ വെള്ളക്കെട്ട്
കൊച്ചി:തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ. ഒരു മണിക്കൂറിന് മുകളിലായി മഴ നിര്‍ത്താതെ പെയ്യുകയാണ്.എംജി റോഡില്‍ കടകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡില്‍ വെള്ളം മുട്ടിനൊപ്പം എത്തി. കടവന്ത്ര,പനമ്പള്ളി നഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഇടറോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ചെയ്യുകയാണ്. ചോറ്റാനിക്കര, വെണ്ണിക്കുളം, തിരുവാങ്കുളം, വരിക്കോലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും മഴ ലഭിച്ചു.
ഓഗസ്റ്റില്‍ ഏതാണ്ട് അഞ്ച് മണിക്കൂറിന് മുകളില്‍ മഴ തുടര്‍ച്ചയായി പെയ്തതിനെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വലിയ തോതില്‍ വെള്ളം കയറിയിരുന്നു. എംജി റോഡ് അടക്കമുള്ള ഭാഗങ്ങളില്‍ അന്നും വലിയ തോതില്‍ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.
പിന്നാലെ കോര്‍പറേഷന്‍ ഓപറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. കനാലുകളും ഓടകളും ശുചീകരിക്കുന്നതായിരുന്നു പദ്ധതി. എന്നാല്‍ ഇത് പാതിവഴിയില്‍ നിലയ്ക്കുന്ന സാഹചര്യമായിരുന്നു.
ഇന്ന് മുതല്‍ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
Leave A Comment