കേരളം

ട്രെയിലറില്‍ കൊണ്ടുപോയ വിമാനത്തിന്റെ ചിറക് കെഎസ്‌ആര്‍ടിസി ബസിലിടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ട്രെയിലറില്‍ കൊണ്ടുപോവുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്.ബാലരാമപുരം ജങ്ഷന് സമീപത്ത് ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോയ ട്രെയിലറാണ് തിരുവന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലിടിച്ചത്. ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകള്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെഎസ്‌ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

മുപ്പത് വര്‍ഷം ആകാശത്ത് പറന്ന എയര്‍ബസ് എ-320 കലാവധി കഴിഞ്ഞതിനാല്‍ 2018ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപത്തെ മൂലയില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. നാല് വര്‍ഷത്തോളം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഇത് ഉപയോഗിച്ച്‌ വരികയായിരുന്നു. ഇനിയും ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ആക്രിയായി വില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ലേലത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ്, 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു.

വിമാനം പൊളിച്ച്‌ നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാന്അപകടം. ട്രെയിലറിന്റെ ഡ്രൈവര്‍ അപകടത്തെത്തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നതും പൊലീസിന് തലവേദനയായി. തുടര്‍ന്ന് ബ്ലോക്കിലകപ്പെട്ട മറ്റൊരു ട്രെയിലര്‍ വാഹനത്തിന്റെ ഡ്രൈവറെത്തിയാണ് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ നിന്ന ട്രെയിലര്‍ നീക്കിയത്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെഫലമായി ഗതാഗത കുരുക്കിന് പരിഹാരമായി.

Leave A Comment