കേരളം

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം

ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് തൃശൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് ജില്ലാ കലക്ടറുടെ കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുന്നതാണ് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം അഥവാ ഡിസിഐപി.

പ്രതിഭാധനരും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നവരുമായ യുവതീ യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് മികച്ച നാളേക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും തങ്ങളുടെ കഴിവുകള്‍ ഏറ്റവും ഇഷ്ടപ്പെട്ട മേഖലകളില്‍ വിനിയോഗിക്കാനും അവസരം നല്‍കുന്ന പദ്ധതിയാണിത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ അവസരം നല്‍കുന്നതിലൂടെ ആര്‍ദ്രതയും അനുകമ്പയുമുള്ള വ്യക്തിത്വം ആര്‍ജിക്കാനും പദ്ധതി സഹായകമാവും. ജില്ലയുടെ സാംസ്‌ക്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികക്ഷേമ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പറ്റുന്ന ഒരു അവസരം കൂടിയാണിത്.

നാല് മാസമായിരിക്കും ഇന്റേണ്‍ഷിപ്പ് കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കുന്നതല്ല. നാലു മാസത്തെ ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 30 വയസില്‍ കുറവായിരിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസരമില്ല. 

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍  വിശദമായ ബയോഡാറ്റയ്‌ക്കൊപ്പം പ്രോഗ്രാമിന്റെ ഭാഗമാവാനുള്ള പ്രചോദനത്തെ കുറിച്ചും ജില്ല നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികള്‍, അവയുടെ കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയെ കുറിച്ചും 250 വാക്കില്‍ കുറയാത്ത കുറിപ്പുകള്‍ സഹിതം ആഗസ്റ്റ് 25നകം dcipthrissur@gmail.com ലേക്ക് അപേക്ഷ സമര്‍പ്പിക്കണം. 

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് 9074781057.

Leave A Comment