അനർഹമായി മുൻഗണനാ കാർഡുകൾ; ഓപ്പറേഷൻ യെല്ലോയില്‍ 2 കോടി 78 ലക്ഷം രൂപ പിഴ ഈടാക്കി
തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 2,78,83,024 രൂപ. ഈ വർഷം ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനർഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്‍റെ ലക്ഷ്യം.
പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡു കൈവശം വച്ചവരിൽ നിന്ന് വാങ്ങിയ ഭക്ഷ്യധാന്യത്തിന്‍റെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടി സ്വീകരിച്ചാണ് ഓപ്പറേഷൻ യെല്ലോ മുന്നോട്ട് പോകുന്നത്. അനർഹമായി മുൻഗണന കാർഡുകൾ ഉപയോഗിച്ച് കൊണ്ടിരുന്നവരോട് പിഴയോ ശിക്ഷയോ കൂടാതെ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം1,72,312 റേഷൻ കാർഡുകൾ ഇതുവരെയായി സറണ്ടർ ചെയ്തു.
സ്വമേധയാ സറണ്ടർ ചെയ്യാത്ത കാർഡുകൾ കണ്ടെത്തി അർഹരായവരെ മുൻഗണനാ വിഭാഗത്തില്‍ ഉൾപ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷൻ യെല്ലോ' വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
Leave A Comment